മുംബൈയിലെ ഒരു ചലച്ചിത്ര നിർമാതാക്കളായ മാന്‍സി, വരുണ്‍ ബഗ്ല എന്നിവർ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മുൻ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലിന്റെ മകളും നടിയുമായ ആരുഷി നിഷാങ്ക് പോലീസിൽ പോലീസിൽ പരാതി നൽകി
വിക്രാന്ത് മസിയും ഷനായ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ‘ആന്ഖോന് കി ഗുസ്തഖിയാന്‍’ എന്ന സിനിമക്ക് വേണ്ടിയാണ് നടിയും നിര്‍മ്മാതാവുമായ ആരുഷി നാല് കോടി രൂപ നിക്ഷേപിച്ചത്. സിനിമയില്‍ ഒരു പ്രധാന വേഷം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ ആരുഷിക്ക് വാഗ്ദാനം നല്‍കിയിരുന്നു.
ചിത്രത്തിൽ അഞ്ച് കോടി രൂപ നിക്ഷേപിക്കാനാണ് നിര്‍മ്മാതാക്കള്‍ ആരുഷിയോട് ആവശ്യപ്പെട്ടത്. പ്രധാന വേഷം മാത്രമല്ല, ലാഭവിഹിതത്തിന്റെ 20 ശതമാനവും നല്‍കാമെന്ന് അവർ ഉറപ്പ് നൽകിയിരുന്നു. വേഷത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ 15 ശതമാനം പലിശ സഹിതം പണം തിരികെ നല്‍കാമെന്നും നിര്‍മാതാക്കള്‍ ആരുഷിയോട് വാക്ക് നൽകിയിരുന്നു. 2024 ഒക്ടോബര്‍ 9ന് ഇരു കക്ഷികളും ധാരണാപത്രത്തിൽ ഒപ്പ് വച്ചിരുന്നു.
അടുത്ത ദിവസം ആരുഷിയില്‍ നിന്ന് രണ്ടു കോടി രൂപ നിര്‍മ്മാതാക്കള്‍ കൈപ്പറ്റി. തുടര്‍ന്നുള്ള ആഴ്ചകളില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തി. ഇതിന് പിന്നാലെ ഒക്ടോബര്‍ 27, 30, നവംബര്‍ 19 തീയതികളിലായി മൊത്തം നാല് കോടി രൂപ ആരുഷി നൽകി. എന്നാല്‍ സിനിമയില്‍ നിന്നും ആരുഷിയെ ഒഴിവാക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തു.
ഈ സംഭവത്തെ തുടർന്ന് ആരുഷി നിഷാങ്ക് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിർമാതാക്കളായ മാന്‍സി, വരുണ്‍ ബഗ്ല എന്നിവർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആരുഷി ആവശ്യപ്പെട്ടിരിക്കുന്നു.
Entecinema @ cinema news